Sunday, 18 May 2014

പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!

അറിഞ്ഞ്, അളന്നു നൽകൽ ദൈവികമാണ്. അത് എന്റെ വിശ്വാസമായിരുന്നു. ഓരോ ജീവന്റെ തുടിപ്പിനും അർഹമായ അളവിലാണ്, ദൈവം ഏകാന്തതയും, നിരാശയും വീതിച്ചു നല്കിയത് എന്നതായിരുന്നു എന്റെ വിശ്വാസം. ആ വിശ്വാസത്തിനു ദൈവ നീതിയുടെ പിൻബലമില്ല എന്നെനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. കാരണം; എന്റെ ചുമരിലെ പല്ലികൾ അവർ അർഹിക്കുന്നതിലേറെ ഏകാന്തതയും, നിശബ്ദതയും അനുഭവിച്ചു തീർത്തത് പോലെ തോന്നുന്നു. അവർ അകപ്പെട്ടുപോയ ഭീതിതമായ ഏകാന്തതയും, ദുരൂഹമായ അവരുടെ നിശബ്ദതയും ഇപ്പോൾ എന്റേത് കൂടിയാണ്. മറികടക്കാനാവാത്ത അറ്റമില്ലായ്മയിൽ ഒറ്റപ്പെടുകയും; അതിജീവിക്കാൻ പ്രയാസമായ നിശബ്ദതയിൽ ഭയപ്പെടുകയും ചെയ്യുന്നതിനാൽ; അവരുടെ ചലനങ്ങള്ക്ക് പ്രതീക്ഷയുടെ വേഗത ഉണ്ടാവാറില്ല; ഓരോ ചെറിയ ചലനവും അവരെ ഭയപ്പെടുതുന്നതിനാൽ സ്വയം നിശ്ചലരായതുപോലെ! നിശബ്ദതയുടെ തീവ്രതയിൽ സ്വന്തം ശബ്ദത്തെപ്പോലും അവർ ഭയപ്പെടുന്നതുപോലെ!

ആരെന്നോ, എപ്പോൾ വരുമെന്നോ അറിയാത്ത; ആരെയോ കാത്തിരിക്കുകയാണവർ എന്ന് തോന്നും. അവരെന്നെ ഇമവെട്ടാതെ ദീർഘ നേരം തുറിച്ചു നോക്കിക്കൊണ്ടിരിക്കും; പലപ്പോഴും ഞാൻ അവരെയും! അവരുടെ നിരന്തരമായ നോട്ടവും, ഇടവേളകളില്ലാത്ത നിരീക്ഷണവും ചിലപ്പോഴെങ്കിലും എന്നെ ഭയപ്പെടുത്താറുണ്ട്! എതിർത്ത് തോല്പ്പിക്കാനാവാത്ത ഏതോ ദുരന്തം വരാനുണ്ടെന്ന തിരിച്ചറിവിൽ, അവർ അതിനു വേണ്ടി തയ്യാറായി കാത്തിരിക്കുകയാണെന്ന് തോന്നും! ഭയചകിതരായ അവരുടെ കണ്ണുകൾ എന്റെ റൂമിലും ഭീതിയുടെ നിശബ്ദതയും, ഏകാന്തതയും നിറയ്ക്കുന്നതായി തോന്നും.

ഈ രാത്രിയിൽ അവർ ഒരിക്കൽ കൂടി ശബ്ദിച്ചു. ഇതുപോലെ വല്ലപ്പോഴുമോരിക്കലാണ് അവർ ശബ്ദിക്കാറുള്ളത്. ചിലപ്പോഴൊക്കെ ഞാനറിയാതെ അവരെന്റെ കാൽപ്പാദങ്ങൽക്കരികിലോളം വരാറുണ്ട്. റൂഫിന്റെ നേർത്ത ഷെയിഡിലൂടെ അവർ പതിയെ ഇഴഞ്ഞു നീങ്ങും. ചിലപ്പോഴൊക്കെ ഒട്ടിച്ചു വെച്ചതു പോലെ തല കീഴായി പറ്റിപ്പിടിച്ചിരിക്കും! അവയിൽ ചിലത് രാത്രികളിൽ എന്റെ കാവല്ക്കരാണ് ! എന്റെ ടെറസ്സിൽ രാത്രികളിൽ ഞാൻ നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ആനന്ദം അന്വേഷിക്കുമ്പോഴും ; അവരുറങ്ങാതെ കാവലിരിക്കും!

ഇതുപോലെ സർവതും സമർപ്പിച് എകാന്തതക്ക് കൂട്ടിരിക്കുന്ന സൌഹൃതങ്ങൾ അപൂർവമായിരിക്കാം. അവരവരുടെ സ്ഥിരം സ്ഥാനങ്ങളിൽ അവർ രാത്രികളിൽ എനിക്ക് കൂട്ടിരിക്കുന്നു. വല്ലപ്പോഴുമുള്ള സൂക്ഷ്മമായ ഒരിഴഞ്ഞു നീങ്ങലിനപ്പുറം, അവര്ക്ക് കാര്യമായ സ്ഥാന ചലനങ്ങളൊന്നും ഉണ്ടാവാറില്ല. ആസൂത്രിതമായി വിന്യസിക്കപ്പെട്ട അംഗരക്ഷകരെപ്പൊലെ ടെറസ്സിൽ അവരെന്നെ നിരീക്ഷിക്കുന്നതായും, പതിയെ പിന്തുടരുന്നതായും എനിക്ക് തോന്നാറുണ്ട്.

പാറ്റകളും, ചെറിയ പ്രാണികളും അവരുടെ വഴിയിൽ വരുമ്പൊഴല്ലാതെ; വളരെ അപൂർവമായേ അവരവരെ പിന്തുടർന്ന് കീഴ്പ്പെടുത്താറുള്ളൂ. ചിലപ്പോഴൊക്കെ ഞാൻ ഭിത്തിയിൽ കൈ വെക്കുമ്പോൾ അവർ പ്രതികരിക്കാരുണ്ട്; അല്പം പിന്നോട്ട നീങ്ങി എന്നെ തുറിച് നോക്കിക്കൊണ്ടിരിക്കും! പക്ഷെ അവരൊരിക്കലും വാല് പൊഴിക്കുകയൊ, ചുമരിലെ ഇരുണ്ട കോണുകളിൽ മറയുകയോ ചെയ്യാറില്ല!

റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും പല്ലികൾ എന്നെ പിന്തുടരുന്നതായി തോന്നാറുണ്ട്. ചുറ്റും പല്ലികൾ ചിലയ്ക്കുന്നത് പോലെ തോന്നും. രാത്രി ഉറങ്ങുമ്പോൾ എനിക്ക് ചുറ്റും പല്ലികൾ ചിറകു വിരിച് പറക്കുന്നതായി തോന്നും.

അവരുടെ ദുരൂഹമായ നോട്ടവും, നിഗൂഡമായ നിശബ്ദതയും പലപ്പോഴും എന്നെ പലതും ഒര്മ്മിപ്പിക്കാരുണ്ട്. അവയിൽ പ്രധാനപ്പെട്ടത്; പനി പിടിച്ചു കുളിരും, വിറയലും ഉണ്ടായ നീണ്ട രാത്രികളാണ്. ആ രാത്രികൾ ഒരിക്കലും വെളുക്കാറില്ലായിരുന്നു. ഒരവ്യക്ത ഓർമയിൽ അതങ്ങനെ നീണ്ടു പോവുമായിരുന്നു. പനി കൂടുമ്പോൾ ഭീകര ജീവികൾ വലിയ ഗോളങ്ങളായും, രൂപമില്ലാത്ത മറ്റു പലതുമായും എനിക്ക് ചുറ്റും പാറി നടന്നു. കണ്ണടച്ചാൽ ഈ രൂപങ്ങളും, കണ്ണ് തുറന്നാൽ ഇരുട്ടും എന്നെ ഭയപ്പെടുത്തി. ആ രാത്രികളെല്ലാം ഭീകരങ്ങളായിരുന്നു.

രാത്രിയിൽ ഞാൻ വസ്ത്രങ്ങൾ അഴിക്കുമ്പോൾ അവർ വിചിത്രമായി മുരളുന്നതും; ഞാൻ നഗ്നനായി നടക്കുമ്പോൾ അവർ കൂട്ടത്തോടെ തുറിച്ചു നോക്കുന്നതും; എന്റെ സ്വകാര്യ ആനന്ദങ്ങളിൽ അവർ നാക്ക് പുറത്തേക്കു നീട്ടുന്നതും ഞാൻ കാണാറുണ്ട്.

എന്റെ മൂളലുകൾക്ക് പോലും അവർ കാതോർക്കുന്നുണ്ടെന്നു തോന്നിയപ്പോഴാണ് ഞാനവരോട് സംസാരിച്ചു തുടങ്ങിയത്. ഏതെങ്കിലും ഒരു ദിവസം; നിലാവുപോലും ഇല്ലാത്ത ഒരു രാത്രിയിൽ അവർ എന്നോടും സംസാരിച്ചു തുടങ്ങുമായിരിക്കും! അതുവരെ; അവരൊരിക്കലും ഓടിയൊളിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഈ കൂട്ടിന്റെ അനിവാര്യതയെ ഞാൻ അവമതിക്കില്ല.

അവർ ഒരിക്കലും കണ്ണ് ചിമ്മാതതാണോ ; അതോ ഞാനും അവരും ഒരേ സമയത്ത് കണ്ണ് ചിമമുന്നതാണോ എന്നറിയില്ല ; അവരുടെ കണ്ണുകൾ ഒരിക്കൽ പോലും അടയുന്നതായി ഞാൻ കണ്ടിട്ടില്ല.

ഈ പല്ലികളിലോന്നിനു പ്രണയം നൽകേണ്ടി വന്നാൽ ആരോടാണ് ഖേദം പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. അവരുടെ പ്രനയാഭ്യർതനക്ക് വശംവദനാവേണ്ടത് ഒഴിവാക്കാനാവാത്ത അനിവാര്യതയായി മാറുന്നു. വിശ്വസിച് ആശ്രയിക്കാൻ കഴിയാത്തവയാണെന്ന് ഉത്തമ ബോധ്യമുള്ള മതിഭ്രമങ്ങൾക്കു മുൻപിൽ സ്വയം സമര്പ്പിക്കേണ്ടി വരുന്ന ചില നിമിഷങ്ങൾ ഏകാന്തതയുടെ അനിവാര്യതയാണ്. കൂടിയ ഇനം സ്വാർതന്മാർ അതിനെ ചിത്തഭ്രമം എന്ന് വിളിച്ചേക്കാം! ആ ചീത്തപ്പേരിൽ നിന്നുള്ള മോചനത്തിന് ഒരു നിദ്രയുടെ ദൈര്ഘ്യമേ വേണ്ടൂ.

നിശബ്ദതയ്ക്കും, ഏകാന്തതയ്ക്കും ഒരതിർത്തി ഉണ്ടെന്നു ഞാൻ തിരിച്ചറിയുന്നു. ആ അതിരുകൾക്കപ്പുറത്ത് നിശ്ചയമായും നിദ്രയാവണം! അവിടെ ഏകാന്തതയും, നിശബ്ദതയും ഓർമകൾക്ക് കീഴടങ്ങാറില്ല. ഒരിക്കലും അവസാനിക്കാത്ത ഏകാന്തത എങ്ങും പടരുന്നതു പോലെ! ദിവസങ്ങള് കഴിയുന്തോറും; എകാന്തതക്ക് കീഴ്പ്പെട്ടു പോവുകയോ, നിശബ്ദയ്ക്ക് അടിമപ്പെട്ടു പോവുകയോ ചെയ്യുന്നതു പോലെ! പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!