Thursday, 29 August 2013

കുങ്കുമം പെയ്ത കാലം

ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോവുന്നുണ്ടെന്ന് പറഞ്ഞാണ് അവൾ സംസാരം തുടങ്ങിയത്. പിന്നെ സ്വാഭാവികമായും പണ്ട് ഓണക്കാലത്ത് പൂപറിച്ചു നടന്നതും, പൂവിടാൻ ചാണകം മെഴുകി അത്തക്കളമൊരുക്കിയതും തുടങ്ങി പറഞ്ഞാൽ തീരാത്ത ഓണക്കഥകളും നാട്ടിലെ വിശേഷങ്ങളും ഓര്മ വരുന്നതനുസരിച് നിരത്താതെ പറഞ്ഞു തുടങ്ങി. വീട്ടിലെ പശുവിനെ കറക്കുമ്പോഴൊക്കെ അതിടക്കിടെ മൂത്രമൊഴിക്കാറുണ്ടായിരുന്നത്രേ; അതുകൊണ്ട് പാലിൽ മൂത്രം തെറിചിട്ടുണ്ടാവും എന്ന സംശയം കാരണം പാല് കുടിക്കാൻ മടി തോന്നിയതും, പശു ഈ ശീലം നിര്ത്താത്തത് കാരണം പാലിനോട് പിന്നീട് അറപ്പു തോന്നിയതും; എന്നാൽ കര്ക്കിടകം വന്നപ്പോൾ മഴ നനഞ്ഞ് പനിച്ച് കിടപ്പിലായപ്പോൾ ഗോമൂത്രം ചേർത്ത മരുന്ന് കുടിക്കേണ്ടി വന്നതും അങനെ പറഞ്ഞാല തീരാത്ത വിശേഷങ്ങലത്രയും ഞാൻ കേട്ടിരുന്നു.

സ്കൂളിൽ നിന്നും വന്നാൽ ഉടനെ ഉടുപ്പ് മാറി വെള്ള ക്കമ്മീസ് ഉടുക്കും. അങ്ങനെ ഒറ്റക്കമ്മീസുമുടുത്ത് പറമ്പു മുഴുവൻ ഓടിനടന്ന കാലത്തിന് ഏതാണ്ട് പതിനഞ്ചു വർഷത്തിലേറെ പഴക്കമുണ്ട്. സ്കൂളിൽ പോവുമ്പോഴും വല്ലപ്പോഴും വിരുന്നിനു പോവുമ്പോഴും ഒഴികെ വെള്ളക്കമ്മീസായിരുന്നു സ്ഥിരം വേഷം.

മണ്ണിരയെ കൈകൊണ്ട് പിടിച്ച് ചൂണ്ടയിൽ കോർക്കുമ്പോൾ മഞ്ഞ നിറമുള്ള ഒരു ദ്രാവകം കൈകളിലാവും; അതോർക്കുമ്പോഴുള്ള മടി കാരണം മൈദപ്പൊടി നനച്ച് ചൂണ്ടയിൽ കോർത്ത് മീൻ പിടിക്കുന്നതും, അതുപോലെ ഒരിക്കൽ ബ്രഹ്മി പറിക്കാൻ കൂട്ടുകാരോടൊത്ത് വയലിൽ പോയപ്പോൾ, കൂടെ കൊണ്ടുപോയിരുന്ന ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത പച്ചമാങ്ങ തിന്ന് തിന്ന് നേരം ഇരുട്ടിപ്പോയതും ഒടുവിൽ വീട്ടിൽ എത്തിയപ്പോൾ വഴക്ക് കേട്ടതും, തേങ്ങ എണ്ണാൻ കൂടെക്കൂടി മൂത്തോറന്റെ എണ്ണം തെറ്റിച്ചതും, കറ്റ മെതിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞ അശ്ലീലം, രാത്രി ഉമ്മറത്ത് കാറ്റ് കൊണ്ട് കിടക്കുകയായിരുന്ന മുത്തച്ചനോട്‌ ചെന്ന് പറഞ്ഞപ്പോൾ ഇറയത്തു വെച്ചിരുന്ന ചെമ്പരത്തിക്കമ്പു കൊണ്ട് അടി കിട്ടിയതും അങ്ങനെ ഓര്മയിലെ മായാതെ നില്ക്കുന്ന കഥകളെല്ലാം ഞാൻ മടികൂടാതെ കേട്ടിരുന്നു. മനസ്സിലൂടെ കുട്ടനാടും ഒറ്റപ്പാലവും ഒക്കെ കടന്നുപോയി.

ഒരുദിവസം വൈകുന്നേരം എന്നെത്തെയും പോലെ വയലിലേക്കു ചെന്നു. ശാരികയും ഷമീറും കൂട്ടിനുണ്ടാവും. എല്ലാവരും പശുവിനുള്ള പുല്ലു പറിക്കും, പന്തയം വെച്ച് കിളിയെപ്പിടിക്കാൻ ഓടും. പിന്നെ ഷമീരിനൊപ്പം അവൻ നട്ട പയറു നനയ്ക്കാൻ കൂടും. അനഗനെ രാത്രിയാവും വരെ വയലിൽ ഓടി നടക്കും. അവന്റെ വീട്ടിലെ കാര്യം എന്നും സങ്കടമാണ്. ഒരിക്കൽ വീട്ടില് നടന്നൊരു വഴക്കിനെത്തുടർന്ന് അവന്റെ വാപ്പ വിഷം കഴിച്ചത്രേ. മരിക്കാതെ രക്ഷപ്പെട്ടെങ്കിലും ജോലിയൊന്നും ചെയ്യാൻ വയ്യാത്ത വിധം ശരീരം തളര്ന്നു പോയി. എന്നും വയലില ഒന്നിച്ച് പുല്ലു പറിച്ചും, കിളിയെപ്പിടിക്കാൻ ഓടി നടന്നും ഷമീർ അവളുടെ വലിയ കൂട്ടുകാരനായി. അവൻ നട്ടു വളർത്തുന്ന പയറു നനയ്ക്കാൻ അവൾ എന്നും സഹായിക്കും. അതുകണ്ട് ശാരികയും കൂടെക്കൂടും. വേനലവധിയായാൽ പിന്നെ എന്നും ഉത്സവമായിരുന്നു.

അന്ന് പക്ഷെ കളിയൊന്നും നടന്നില്ല. ഷമീറിന്റെ വീട്ടില് വിരുന്നുകാർ വരുന്നുണ്ടായിരുന്നത്രേ. കോഴിയെ വാങ്ങി വീട്ടിലെത്തിക്കേണ്ട ചുമതല അവനാണ്. അതുകൊണ്ടന്നു പയറു നനയ്ക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. തന്നെക്കാൾ ഒരു വയസ്സിനു മൂത്തതായിരുന്നു അവൻ. പത്താം തരം പരീക്ഷയെഴുതി റിസൾട്ട്‌ കാത്തിരിക്കുകയാണ്. വെക്കേഷൻ തീരാൻ ഇനി അധിക നാൾ ഉണ്ടായിരുന്നില്ല. ഈ വര്ഷം പത്താം ക്ലാസ്സിലെക്കായത് കൊണ്ട് അവൾക്ക് ട്യുഷൻ നേരത്തെ തുടങ്ങും. പക്ഷെ ഇതൊന്നും ആരുടേയും വൈകുന്നേരങ്ങളിലെ ആഘോഷങ്ങൾക്ക് തടസ്സമായിരുന്നില്ല. ആ അവധിക്കാലമാത്രയും അവർ ആ വയലിൽ ഓടി നടക്കുകയായിരുന്നു.

പയറു നനച് ഷമീർ യാത്ര പറഞ്ഞു പോയി. കോഴിയെ വാങ്ങി വീട്ടില് കൊടുക്കണം. ആനയെ കുളിപ്പിക്കാറുള്ള കടവിൽ ആളുകൾ ഉണ്ടായിരുന്നു. പൂഴി മണൽ കടത്തുന്ന വണ്ടിയും ഉണ്ട്. കോഴിയെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഇരുട്ടിയിരുന്നു. കടവിനടുത്ത് നല്ല വെളിച്ചമുണ്ട്. മണല് കടത്തുന്നവർ തത്ക്കാലം ഒരു വയറു വലിച് ബൾബിട്ടതാണ്. വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ഷമീർ അന്ന് രാത്രി കടവിൽ വെച്ച് ഷോക്കേറ്റു മരിച്ചു. അന്നത്തെ രാത്രി ഇപ്പോഴും ഒരു ദുരന്തമായി മനസ്സിൽ കിടക്കുന്നുണ്ട്.

റിസൾട്ട്‌ വന്നു. ഷമീർ ഉയർന്ന മാർക്കോടെ പാസ്സായി. അവൾക്ക് ട്യുഷൻ തുടങ്ങി. ഒറ്റയ്ക്ക് നടന്നു പോവുമ്പോൾ വഴിയരികിലെ പള്ളിക്കാട്ടിൽ വേലിയോട് ചേർന്ന് ഷ മീറിന്റെ ഖബർ കാണാം. മണ്ണിനടിയിൽ അവൻ ഉണ്ടെന്നോരത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു. ഷമീർ ശരിക്കും മരിച്ചിട്ടുണ്ടാവുമോ അതോ മരിച്ചെന്നു കരുതി മറവു ചെയ്തുപോയതായിരിക്കുമോ എന്നവൾ ചിന്തിച്ചുപോയി. ഒന്നു കൂടി അവനെ കുലുക്കി വിളിച്ചിരുന്നെങ്കിൽ അവൻ എഴുന്നെൽക്കുമായിരുന്നോ എന്നിങ്ങനെ അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി.

പള്ളിക്കാട്ടിലെ കുറ്റിക്കാടുകൾ കണ്ടാൽ മരിക്കാൻ ഭയം തോന്നും. പക്ഷെ ഖബരുകൾക്കിടയിലെ കുങ്കുമത്തിൽ എന്നും പൂക്കളുണ്ടാവുമായിരുന്നു. അവിടെ കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് കിടക്കുന്ന ഷമീറിനെ കുരിചൊർത്ത് അവള്ക്ക് സങ്കടം വരും. ട്യുഷൻ പോവുമ്പോഴും വരുമ്പോഴും എല്ലാം അവൾ അവന്റെ ഖബരിനടുത്തു കൂടെ നടക്കും.

ഇത്തവണ നാട്ടിൽ പോവുമ്പോൾ ഷമീരിന്റെ ഇത്താത്തമാരെ ചെന്ന് കാണണം എന്നവൾ പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ കൂടെ വയലില ഓടി നടന്നതും, പയറു നനച്ചതും പിന്നീട് അവൻ മരിച്ചതിനു ശേഷം അവന്റെ ഖബറിടത്തിൽ പോയതും ഒന്നും മനസ്സില് നിന്നും മാഞ്ഞു പോയിട്ടില്ല.

അവരുടെ കുട്ടിക്കാലവും അവന്റെ മരണവും അവൻ കിടക്കുന്ന പള്ളിക്കാടും എന്നെയും പലതും ഓര്മിപ്പിച്ചു. ഏകാന്തതയും മരണവും അങ്ങനെ പലതും..