Sunday, 18 May 2014

പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!

അറിഞ്ഞ്, അളന്നു നൽകൽ ദൈവികമാണ്. അത് എന്റെ വിശ്വാസമായിരുന്നു. ഓരോ ജീവന്റെ തുടിപ്പിനും അർഹമായ അളവിലാണ്, ദൈവം ഏകാന്തതയും, നിരാശയും വീതിച്ചു നല്കിയത് എന്നതായിരുന്നു എന്റെ വിശ്വാസം. ആ വിശ്വാസത്തിനു ദൈവ നീതിയുടെ പിൻബലമില്ല എന്നെനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. കാരണം; എന്റെ ചുമരിലെ പല്ലികൾ അവർ അർഹിക്കുന്നതിലേറെ ഏകാന്തതയും, നിശബ്ദതയും അനുഭവിച്ചു തീർത്തത് പോലെ തോന്നുന്നു. അവർ അകപ്പെട്ടുപോയ ഭീതിതമായ ഏകാന്തതയും, ദുരൂഹമായ അവരുടെ നിശബ്ദതയും ഇപ്പോൾ എന്റേത് കൂടിയാണ്. മറികടക്കാനാവാത്ത അറ്റമില്ലായ്മയിൽ ഒറ്റപ്പെടുകയും; അതിജീവിക്കാൻ പ്രയാസമായ നിശബ്ദതയിൽ ഭയപ്പെടുകയും ചെയ്യുന്നതിനാൽ; അവരുടെ ചലനങ്ങള്ക്ക് പ്രതീക്ഷയുടെ വേഗത ഉണ്ടാവാറില്ല; ഓരോ ചെറിയ ചലനവും അവരെ ഭയപ്പെടുതുന്നതിനാൽ സ്വയം നിശ്ചലരായതുപോലെ! നിശബ്ദതയുടെ തീവ്രതയിൽ സ്വന്തം ശബ്ദത്തെപ്പോലും അവർ ഭയപ്പെടുന്നതുപോലെ!

ആരെന്നോ, എപ്പോൾ വരുമെന്നോ അറിയാത്ത; ആരെയോ കാത്തിരിക്കുകയാണവർ എന്ന് തോന്നും. അവരെന്നെ ഇമവെട്ടാതെ ദീർഘ നേരം തുറിച്ചു നോക്കിക്കൊണ്ടിരിക്കും; പലപ്പോഴും ഞാൻ അവരെയും! അവരുടെ നിരന്തരമായ നോട്ടവും, ഇടവേളകളില്ലാത്ത നിരീക്ഷണവും ചിലപ്പോഴെങ്കിലും എന്നെ ഭയപ്പെടുത്താറുണ്ട്! എതിർത്ത് തോല്പ്പിക്കാനാവാത്ത ഏതോ ദുരന്തം വരാനുണ്ടെന്ന തിരിച്ചറിവിൽ, അവർ അതിനു വേണ്ടി തയ്യാറായി കാത്തിരിക്കുകയാണെന്ന് തോന്നും! ഭയചകിതരായ അവരുടെ കണ്ണുകൾ എന്റെ റൂമിലും ഭീതിയുടെ നിശബ്ദതയും, ഏകാന്തതയും നിറയ്ക്കുന്നതായി തോന്നും.

ഈ രാത്രിയിൽ അവർ ഒരിക്കൽ കൂടി ശബ്ദിച്ചു. ഇതുപോലെ വല്ലപ്പോഴുമോരിക്കലാണ് അവർ ശബ്ദിക്കാറുള്ളത്. ചിലപ്പോഴൊക്കെ ഞാനറിയാതെ അവരെന്റെ കാൽപ്പാദങ്ങൽക്കരികിലോളം വരാറുണ്ട്. റൂഫിന്റെ നേർത്ത ഷെയിഡിലൂടെ അവർ പതിയെ ഇഴഞ്ഞു നീങ്ങും. ചിലപ്പോഴൊക്കെ ഒട്ടിച്ചു വെച്ചതു പോലെ തല കീഴായി പറ്റിപ്പിടിച്ചിരിക്കും! അവയിൽ ചിലത് രാത്രികളിൽ എന്റെ കാവല്ക്കരാണ് ! എന്റെ ടെറസ്സിൽ രാത്രികളിൽ ഞാൻ നടക്കുമ്പോഴും, ഇരിക്കുമ്പോഴും, ആനന്ദം അന്വേഷിക്കുമ്പോഴും ; അവരുറങ്ങാതെ കാവലിരിക്കും!

ഇതുപോലെ സർവതും സമർപ്പിച് എകാന്തതക്ക് കൂട്ടിരിക്കുന്ന സൌഹൃതങ്ങൾ അപൂർവമായിരിക്കാം. അവരവരുടെ സ്ഥിരം സ്ഥാനങ്ങളിൽ അവർ രാത്രികളിൽ എനിക്ക് കൂട്ടിരിക്കുന്നു. വല്ലപ്പോഴുമുള്ള സൂക്ഷ്മമായ ഒരിഴഞ്ഞു നീങ്ങലിനപ്പുറം, അവര്ക്ക് കാര്യമായ സ്ഥാന ചലനങ്ങളൊന്നും ഉണ്ടാവാറില്ല. ആസൂത്രിതമായി വിന്യസിക്കപ്പെട്ട അംഗരക്ഷകരെപ്പൊലെ ടെറസ്സിൽ അവരെന്നെ നിരീക്ഷിക്കുന്നതായും, പതിയെ പിന്തുടരുന്നതായും എനിക്ക് തോന്നാറുണ്ട്.

പാറ്റകളും, ചെറിയ പ്രാണികളും അവരുടെ വഴിയിൽ വരുമ്പൊഴല്ലാതെ; വളരെ അപൂർവമായേ അവരവരെ പിന്തുടർന്ന് കീഴ്പ്പെടുത്താറുള്ളൂ. ചിലപ്പോഴൊക്കെ ഞാൻ ഭിത്തിയിൽ കൈ വെക്കുമ്പോൾ അവർ പ്രതികരിക്കാരുണ്ട്; അല്പം പിന്നോട്ട നീങ്ങി എന്നെ തുറിച് നോക്കിക്കൊണ്ടിരിക്കും! പക്ഷെ അവരൊരിക്കലും വാല് പൊഴിക്കുകയൊ, ചുമരിലെ ഇരുണ്ട കോണുകളിൽ മറയുകയോ ചെയ്യാറില്ല!

റോഡിലൂടെ നടക്കുമ്പോൾ പലപ്പോഴും പല്ലികൾ എന്നെ പിന്തുടരുന്നതായി തോന്നാറുണ്ട്. ചുറ്റും പല്ലികൾ ചിലയ്ക്കുന്നത് പോലെ തോന്നും. രാത്രി ഉറങ്ങുമ്പോൾ എനിക്ക് ചുറ്റും പല്ലികൾ ചിറകു വിരിച് പറക്കുന്നതായി തോന്നും.

അവരുടെ ദുരൂഹമായ നോട്ടവും, നിഗൂഡമായ നിശബ്ദതയും പലപ്പോഴും എന്നെ പലതും ഒര്മ്മിപ്പിക്കാരുണ്ട്. അവയിൽ പ്രധാനപ്പെട്ടത്; പനി പിടിച്ചു കുളിരും, വിറയലും ഉണ്ടായ നീണ്ട രാത്രികളാണ്. ആ രാത്രികൾ ഒരിക്കലും വെളുക്കാറില്ലായിരുന്നു. ഒരവ്യക്ത ഓർമയിൽ അതങ്ങനെ നീണ്ടു പോവുമായിരുന്നു. പനി കൂടുമ്പോൾ ഭീകര ജീവികൾ വലിയ ഗോളങ്ങളായും, രൂപമില്ലാത്ത മറ്റു പലതുമായും എനിക്ക് ചുറ്റും പാറി നടന്നു. കണ്ണടച്ചാൽ ഈ രൂപങ്ങളും, കണ്ണ് തുറന്നാൽ ഇരുട്ടും എന്നെ ഭയപ്പെടുത്തി. ആ രാത്രികളെല്ലാം ഭീകരങ്ങളായിരുന്നു.

രാത്രിയിൽ ഞാൻ വസ്ത്രങ്ങൾ അഴിക്കുമ്പോൾ അവർ വിചിത്രമായി മുരളുന്നതും; ഞാൻ നഗ്നനായി നടക്കുമ്പോൾ അവർ കൂട്ടത്തോടെ തുറിച്ചു നോക്കുന്നതും; എന്റെ സ്വകാര്യ ആനന്ദങ്ങളിൽ അവർ നാക്ക് പുറത്തേക്കു നീട്ടുന്നതും ഞാൻ കാണാറുണ്ട്.

എന്റെ മൂളലുകൾക്ക് പോലും അവർ കാതോർക്കുന്നുണ്ടെന്നു തോന്നിയപ്പോഴാണ് ഞാനവരോട് സംസാരിച്ചു തുടങ്ങിയത്. ഏതെങ്കിലും ഒരു ദിവസം; നിലാവുപോലും ഇല്ലാത്ത ഒരു രാത്രിയിൽ അവർ എന്നോടും സംസാരിച്ചു തുടങ്ങുമായിരിക്കും! അതുവരെ; അവരൊരിക്കലും ഓടിയൊളിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഈ കൂട്ടിന്റെ അനിവാര്യതയെ ഞാൻ അവമതിക്കില്ല.

അവർ ഒരിക്കലും കണ്ണ് ചിമ്മാതതാണോ ; അതോ ഞാനും അവരും ഒരേ സമയത്ത് കണ്ണ് ചിമമുന്നതാണോ എന്നറിയില്ല ; അവരുടെ കണ്ണുകൾ ഒരിക്കൽ പോലും അടയുന്നതായി ഞാൻ കണ്ടിട്ടില്ല.

ഈ പല്ലികളിലോന്നിനു പ്രണയം നൽകേണ്ടി വന്നാൽ ആരോടാണ് ഖേദം പ്രകടിപ്പിക്കേണ്ടത് എന്നറിയില്ല. അവരുടെ പ്രനയാഭ്യർതനക്ക് വശംവദനാവേണ്ടത് ഒഴിവാക്കാനാവാത്ത അനിവാര്യതയായി മാറുന്നു. വിശ്വസിച് ആശ്രയിക്കാൻ കഴിയാത്തവയാണെന്ന് ഉത്തമ ബോധ്യമുള്ള മതിഭ്രമങ്ങൾക്കു മുൻപിൽ സ്വയം സമര്പ്പിക്കേണ്ടി വരുന്ന ചില നിമിഷങ്ങൾ ഏകാന്തതയുടെ അനിവാര്യതയാണ്. കൂടിയ ഇനം സ്വാർതന്മാർ അതിനെ ചിത്തഭ്രമം എന്ന് വിളിച്ചേക്കാം! ആ ചീത്തപ്പേരിൽ നിന്നുള്ള മോചനത്തിന് ഒരു നിദ്രയുടെ ദൈര്ഘ്യമേ വേണ്ടൂ.

നിശബ്ദതയ്ക്കും, ഏകാന്തതയ്ക്കും ഒരതിർത്തി ഉണ്ടെന്നു ഞാൻ തിരിച്ചറിയുന്നു. ആ അതിരുകൾക്കപ്പുറത്ത് നിശ്ചയമായും നിദ്രയാവണം! അവിടെ ഏകാന്തതയും, നിശബ്ദതയും ഓർമകൾക്ക് കീഴടങ്ങാറില്ല. ഒരിക്കലും അവസാനിക്കാത്ത ഏകാന്തത എങ്ങും പടരുന്നതു പോലെ! ദിവസങ്ങള് കഴിയുന്തോറും; എകാന്തതക്ക് കീഴ്പ്പെട്ടു പോവുകയോ, നിശബ്ദയ്ക്ക് അടിമപ്പെട്ടു പോവുകയോ ചെയ്യുന്നതു പോലെ! പല്ലികൾ ഏകാന്തശീലങ്ങളുടെ ശരീരങ്ങളായതുപോലെ!

Thursday, 29 August 2013

കുങ്കുമം പെയ്ത കാലം

ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോവുന്നുണ്ടെന്ന് പറഞ്ഞാണ് അവൾ സംസാരം തുടങ്ങിയത്. പിന്നെ സ്വാഭാവികമായും പണ്ട് ഓണക്കാലത്ത് പൂപറിച്ചു നടന്നതും, പൂവിടാൻ ചാണകം മെഴുകി അത്തക്കളമൊരുക്കിയതും തുടങ്ങി പറഞ്ഞാൽ തീരാത്ത ഓണക്കഥകളും നാട്ടിലെ വിശേഷങ്ങളും ഓര്മ വരുന്നതനുസരിച് നിരത്താതെ പറഞ്ഞു തുടങ്ങി. വീട്ടിലെ പശുവിനെ കറക്കുമ്പോഴൊക്കെ അതിടക്കിടെ മൂത്രമൊഴിക്കാറുണ്ടായിരുന്നത്രേ; അതുകൊണ്ട് പാലിൽ മൂത്രം തെറിചിട്ടുണ്ടാവും എന്ന സംശയം കാരണം പാല് കുടിക്കാൻ മടി തോന്നിയതും, പശു ഈ ശീലം നിര്ത്താത്തത് കാരണം പാലിനോട് പിന്നീട് അറപ്പു തോന്നിയതും; എന്നാൽ കര്ക്കിടകം വന്നപ്പോൾ മഴ നനഞ്ഞ് പനിച്ച് കിടപ്പിലായപ്പോൾ ഗോമൂത്രം ചേർത്ത മരുന്ന് കുടിക്കേണ്ടി വന്നതും അങനെ പറഞ്ഞാല തീരാത്ത വിശേഷങ്ങലത്രയും ഞാൻ കേട്ടിരുന്നു.

സ്കൂളിൽ നിന്നും വന്നാൽ ഉടനെ ഉടുപ്പ് മാറി വെള്ള ക്കമ്മീസ് ഉടുക്കും. അങ്ങനെ ഒറ്റക്കമ്മീസുമുടുത്ത് പറമ്പു മുഴുവൻ ഓടിനടന്ന കാലത്തിന് ഏതാണ്ട് പതിനഞ്ചു വർഷത്തിലേറെ പഴക്കമുണ്ട്. സ്കൂളിൽ പോവുമ്പോഴും വല്ലപ്പോഴും വിരുന്നിനു പോവുമ്പോഴും ഒഴികെ വെള്ളക്കമ്മീസായിരുന്നു സ്ഥിരം വേഷം.

മണ്ണിരയെ കൈകൊണ്ട് പിടിച്ച് ചൂണ്ടയിൽ കോർക്കുമ്പോൾ മഞ്ഞ നിറമുള്ള ഒരു ദ്രാവകം കൈകളിലാവും; അതോർക്കുമ്പോഴുള്ള മടി കാരണം മൈദപ്പൊടി നനച്ച് ചൂണ്ടയിൽ കോർത്ത് മീൻ പിടിക്കുന്നതും, അതുപോലെ ഒരിക്കൽ ബ്രഹ്മി പറിക്കാൻ കൂട്ടുകാരോടൊത്ത് വയലിൽ പോയപ്പോൾ, കൂടെ കൊണ്ടുപോയിരുന്ന ഉപ്പും മുളകുപൊടിയും വെളിച്ചെണ്ണയും ചേർത്ത പച്ചമാങ്ങ തിന്ന് തിന്ന് നേരം ഇരുട്ടിപ്പോയതും ഒടുവിൽ വീട്ടിൽ എത്തിയപ്പോൾ വഴക്ക് കേട്ടതും, തേങ്ങ എണ്ണാൻ കൂടെക്കൂടി മൂത്തോറന്റെ എണ്ണം തെറ്റിച്ചതും, കറ്റ മെതിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞ അശ്ലീലം, രാത്രി ഉമ്മറത്ത് കാറ്റ് കൊണ്ട് കിടക്കുകയായിരുന്ന മുത്തച്ചനോട്‌ ചെന്ന് പറഞ്ഞപ്പോൾ ഇറയത്തു വെച്ചിരുന്ന ചെമ്പരത്തിക്കമ്പു കൊണ്ട് അടി കിട്ടിയതും അങ്ങനെ ഓര്മയിലെ മായാതെ നില്ക്കുന്ന കഥകളെല്ലാം ഞാൻ മടികൂടാതെ കേട്ടിരുന്നു. മനസ്സിലൂടെ കുട്ടനാടും ഒറ്റപ്പാലവും ഒക്കെ കടന്നുപോയി.

ഒരുദിവസം വൈകുന്നേരം എന്നെത്തെയും പോലെ വയലിലേക്കു ചെന്നു. ശാരികയും ഷമീറും കൂട്ടിനുണ്ടാവും. എല്ലാവരും പശുവിനുള്ള പുല്ലു പറിക്കും, പന്തയം വെച്ച് കിളിയെപ്പിടിക്കാൻ ഓടും. പിന്നെ ഷമീരിനൊപ്പം അവൻ നട്ട പയറു നനയ്ക്കാൻ കൂടും. അനഗനെ രാത്രിയാവും വരെ വയലിൽ ഓടി നടക്കും. അവന്റെ വീട്ടിലെ കാര്യം എന്നും സങ്കടമാണ്. ഒരിക്കൽ വീട്ടില് നടന്നൊരു വഴക്കിനെത്തുടർന്ന് അവന്റെ വാപ്പ വിഷം കഴിച്ചത്രേ. മരിക്കാതെ രക്ഷപ്പെട്ടെങ്കിലും ജോലിയൊന്നും ചെയ്യാൻ വയ്യാത്ത വിധം ശരീരം തളര്ന്നു പോയി. എന്നും വയലില ഒന്നിച്ച് പുല്ലു പറിച്ചും, കിളിയെപ്പിടിക്കാൻ ഓടി നടന്നും ഷമീർ അവളുടെ വലിയ കൂട്ടുകാരനായി. അവൻ നട്ടു വളർത്തുന്ന പയറു നനയ്ക്കാൻ അവൾ എന്നും സഹായിക്കും. അതുകണ്ട് ശാരികയും കൂടെക്കൂടും. വേനലവധിയായാൽ പിന്നെ എന്നും ഉത്സവമായിരുന്നു.

അന്ന് പക്ഷെ കളിയൊന്നും നടന്നില്ല. ഷമീറിന്റെ വീട്ടില് വിരുന്നുകാർ വരുന്നുണ്ടായിരുന്നത്രേ. കോഴിയെ വാങ്ങി വീട്ടിലെത്തിക്കേണ്ട ചുമതല അവനാണ്. അതുകൊണ്ടന്നു പയറു നനയ്ക്കാൻ മാത്രമേ നേരമുണ്ടായിരുന്നുള്ളൂ. തന്നെക്കാൾ ഒരു വയസ്സിനു മൂത്തതായിരുന്നു അവൻ. പത്താം തരം പരീക്ഷയെഴുതി റിസൾട്ട്‌ കാത്തിരിക്കുകയാണ്. വെക്കേഷൻ തീരാൻ ഇനി അധിക നാൾ ഉണ്ടായിരുന്നില്ല. ഈ വര്ഷം പത്താം ക്ലാസ്സിലെക്കായത് കൊണ്ട് അവൾക്ക് ട്യുഷൻ നേരത്തെ തുടങ്ങും. പക്ഷെ ഇതൊന്നും ആരുടേയും വൈകുന്നേരങ്ങളിലെ ആഘോഷങ്ങൾക്ക് തടസ്സമായിരുന്നില്ല. ആ അവധിക്കാലമാത്രയും അവർ ആ വയലിൽ ഓടി നടക്കുകയായിരുന്നു.

പയറു നനച് ഷമീർ യാത്ര പറഞ്ഞു പോയി. കോഴിയെ വാങ്ങി വീട്ടില് കൊടുക്കണം. ആനയെ കുളിപ്പിക്കാറുള്ള കടവിൽ ആളുകൾ ഉണ്ടായിരുന്നു. പൂഴി മണൽ കടത്തുന്ന വണ്ടിയും ഉണ്ട്. കോഴിയെ വാങ്ങി തിരിച്ചു വരുമ്പോഴേക്കും ഇരുട്ടിയിരുന്നു. കടവിനടുത്ത് നല്ല വെളിച്ചമുണ്ട്. മണല് കടത്തുന്നവർ തത്ക്കാലം ഒരു വയറു വലിച് ബൾബിട്ടതാണ്. വീട്ടിലേക്ക് തിരിച്ചു പോവുകയായിരുന്ന ഷമീർ അന്ന് രാത്രി കടവിൽ വെച്ച് ഷോക്കേറ്റു മരിച്ചു. അന്നത്തെ രാത്രി ഇപ്പോഴും ഒരു ദുരന്തമായി മനസ്സിൽ കിടക്കുന്നുണ്ട്.

റിസൾട്ട്‌ വന്നു. ഷമീർ ഉയർന്ന മാർക്കോടെ പാസ്സായി. അവൾക്ക് ട്യുഷൻ തുടങ്ങി. ഒറ്റയ്ക്ക് നടന്നു പോവുമ്പോൾ വഴിയരികിലെ പള്ളിക്കാട്ടിൽ വേലിയോട് ചേർന്ന് ഷ മീറിന്റെ ഖബർ കാണാം. മണ്ണിനടിയിൽ അവൻ ഉണ്ടെന്നോരത്തപ്പോൾ അവൾക്ക് കരച്ചിൽ വന്നു. ഷമീർ ശരിക്കും മരിച്ചിട്ടുണ്ടാവുമോ അതോ മരിച്ചെന്നു കരുതി മറവു ചെയ്തുപോയതായിരിക്കുമോ എന്നവൾ ചിന്തിച്ചുപോയി. ഒന്നു കൂടി അവനെ കുലുക്കി വിളിച്ചിരുന്നെങ്കിൽ അവൻ എഴുന്നെൽക്കുമായിരുന്നോ എന്നിങ്ങനെ അവളുടെ മനസ്സിലൂടെ പല ചിന്തകളും കടന്നു പോയി.

പള്ളിക്കാട്ടിലെ കുറ്റിക്കാടുകൾ കണ്ടാൽ മരിക്കാൻ ഭയം തോന്നും. പക്ഷെ ഖബരുകൾക്കിടയിലെ കുങ്കുമത്തിൽ എന്നും പൂക്കളുണ്ടാവുമായിരുന്നു. അവിടെ കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് കിടക്കുന്ന ഷമീറിനെ കുരിചൊർത്ത് അവള്ക്ക് സങ്കടം വരും. ട്യുഷൻ പോവുമ്പോഴും വരുമ്പോഴും എല്ലാം അവൾ അവന്റെ ഖബരിനടുത്തു കൂടെ നടക്കും.

ഇത്തവണ നാട്ടിൽ പോവുമ്പോൾ ഷമീരിന്റെ ഇത്താത്തമാരെ ചെന്ന് കാണണം എന്നവൾ പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും അവന്റെ കൂടെ വയലില ഓടി നടന്നതും, പയറു നനച്ചതും പിന്നീട് അവൻ മരിച്ചതിനു ശേഷം അവന്റെ ഖബറിടത്തിൽ പോയതും ഒന്നും മനസ്സില് നിന്നും മാഞ്ഞു പോയിട്ടില്ല.

അവരുടെ കുട്ടിക്കാലവും അവന്റെ മരണവും അവൻ കിടക്കുന്ന പള്ളിക്കാടും എന്നെയും പലതും ഓര്മിപ്പിച്ചു. ഏകാന്തതയും മരണവും അങ്ങനെ പലതും..

Thursday, 15 August 2013

മൂന്നു നിറങ്ങളുള്ള പട്ടം

ഇന്നലെ സ്വാതന്ത്ര്യ ദിനമായിരുന്നു. ഒരവധി ദിനം എന്നതല്ലാതെ ഒരാഘോഷ ദിനത്തിലും കുറച്ചു വര്ഷങ്ങളായി ഒന്നും ഓർത്തു വെക്കാനുണ്ടാവാറില്ല. രാവിലെ എഴുന്നേറ്റപ്പോൾ എല്ലാ ടെറസ്സിലും ആഘോഷം. എന്റെ ടെറസ്സിൽ നിന്നും നോക്കിയാൽ ഒരുപാട് ടെറസ്സുകൾ കാണാം. ഞാൻ എഴുന്നേല്ക്കാൻ വൈകിപ്പോയോ എന്ന് തോന്നിപ്പോയി. 1947 ആഗസ്ത് 15 നു നമുക്ക് പട്ടം പറത്താനുള്ള സ്വാതന്ത്ര്യമായിരുന്നോ ലഭിച്ചത് എന്ന് ആലോചിച്ച് പോയി. അത്രയും  പട്ടങ്ങൾ ആകാശത്ത് പാറിക്കളിക്കുന്നുണ്ടായിരുന്നു. പല നിറത്തിലും രൂപത്തിലുമുള്ള എണ്ണിയാൽ തീരാത്ത പട്ടങ്ങൾ. കൂടുതലും പതാകയുടെ ത്രിവർണ്ണ പട്ടങ്ങൾ. കോഴിക്കോട് ബീച്ചിൽ പോലും ഇത്രയും പട്ടങ്ങൾ ഞാനിതിനു മുന്പ് ഒന്നിച്ച് കണ്ടിട്ടില്ല. പട്ടം പരത്തുന്നതിൽ മാത്രമല്ല രസം; മറ്റു പട്ടങ്ങൾ തന്ത്ര പൂർവം പൊട്ടിക്കുന്നതും അതിനു ശേഷം വിചിത്രമായ എന്തോ ശബ്ദം ഉണ്ടാക്കുന്നതും ആഘോഷത്തിന്റെ ഭാഗമാണെന്നു മനസ്സിലായി.
എല്ലാ ടെറസ്സിലും നിറയെ ആളുകള്. കുറെ പട്ടങ്ങളും! കൂട്ടത്തിൽ ഏറ്റവും ചെറിയ വികൃതികളിൽ ചിലർ പട്ടം കയ്യിലെടുത്ത്‌ കടിച്ചു നോക്കുന്നുണ്ട്, വേറെ ചിലർ കടിച്ചു കീറിയവ ദൂരെ കളഞ്ഞ്  അടുത്തത് കയ്യിലെടുത്തിട്ടുണ്ട്. ആർക്കും പരാതിയില്ല; ആവശ്യത്തിലേറെ പട്ടം എല്ലാ ടെറസ്സിലും ഉണ്ട്. എന്തായാലും ചുറ്റുപാടും ആഘോഷത്തിന്റെ ബഹളവും ആരവങ്ങളും മാത്രം. എന്റെ കൈയ്യിൽ പട്ടമില്ല. അറിഞ്ഞിരുന്നെങ്കിൽ നേരത്തെ വാങ്ങി വെക്കാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു മഹോത്സവത്തെക്കുറിച്ച് അറിഞ്ഞില്ല. സങ്കടം തോന്നി.
ഓരോരുത്തർക്കും അവവനവന്റെ പട്ടം ശ്രദ്ദിക്കാൻ തന്നെ സമയമില്ല.മാത്രമല്ല; മറ്റാരും തന്റെ പട്ടത്തിന്റെ നൂല് പൊട്ടിക്കാതെ നോക്കുകയും വേണം. കണ്ടു നില്ക്കുന്ന ആർക്കും ഒരു പട്ടം പറത്താൻ തോന്നും. അത്രയും രസമുള്ളതായിരുന്നു ചുറ്റുമുള്ള കാഴ്ചകൾ.

എന്റെ ടെറസിന്റെ വലതു വശത്തെ ബിൽഡിങ്ങിന്റെ പണി തീർന്നിട്ടില്ല. പണിയെടുക്കുന്നവരുടെ കുടുംബം അതിന്റെ താഴത്തെ നിലയിലാണ് താമസം.കൂടെ ചെറിയൊരു കുട്ടിയേയും കാണാറുണ്ട്. ആഘോഷങ്ങളുടെ  ബഹളത്തിനിടയിൽ ഇതെല്ലാം നോക്കി ആ കുട്ടിയും ബില്ടിങ്ങിനു മുകളിൽ നില്ക്കുന്നുണ്ടായിരുന്നു. അവന്റെ മുഖത് അമ്പരപ്പാണോ സന്തോഷമാണോ എന്ന് തിരിച്ചറിയാൻ കഴിയില്ല. ആകാശത്ത് പാറി നടക്കുന്ന ഓരോ പട്ടവും അവൻ മാറി മാറി നോക്കിക്കൊണ്ടിരുന്നു. ഇടക്കിടക്ക് അവയുടെ നൂലറ്റം പിടിച് ആസ്വദിച് ചിരിക്കുന്ന അവന്റെ പ്രായത്തിലുള്ള കുട്ടികളെയും അവൻ നോക്കും. പട്ടത്തെ കാറ്റ് കൊണ്ടുപോകുമ്പോൾ നൂല് പിടിച് സഹായിക്കുന്ന അവരുടെ അച്ഛനമ്മമാരെയും അവൻ നോക്കും. പട്ടത്തിന്റെ ദിശ മാറുന്നതനുസരിച് അവനും അറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. പട്ടവും കുട്ടികളെയും മാറി മാറി നോക്കി അവൻ തളര്ന്നത് പോലെ എനിക്ക് തോന്നി. പക്ഷെ അവനപ്പോഴും മാറി മാറി നോക്കിക്കൊണ്ടേയിരുന്നു. കാറ്റ് വീശുമ്പോൾ പട്ടത്തിന്റെ ദിശ പെട്ടന്ന് മാറും; ഒപ്പം ഒരു ചെറിയ സീല്ക്കാരവും. ആ ശബ്ദം കേൾക്കുമ്പോൾ അവൻ ഉറക്കെ ചിരിക്കും. എന്നിട്ട് പട്ടം പറത്തുന്നവരെ നോക്കും. പക്ഷെ അവനെ ആരും കാണുന്നുണ്ടായിരുന്നില്ല. അവന്റെ കയ്യില പട്ടവും ഇല്ല. പിന്നെ വീണ്ടും ആകാശത്ത്‌ പട്ടത്തെ നോക്കും. അവന്റെ ചെറിയ കഴുത്ത് തളര്ന്നു പോവുന്ന പോലെ എനിക്ക് തോന്നി. അങ്ങനെ കുറെ നേരം നോക്കിക്കൊണ്ടിരിക്കുമ്പോൾ അവൻ കഴുത്ത് താഴ്ത്തിപ്പിടിക്കും. അല്പം കഴിഞ്ഞ് വീണ്ടും ഓരോ പട്ടവും മാറി മാറി നോക്കും. പെട്ടന്നാണവൻ പടികളിലൂടെ ഓടി  താഴേക്കിറങ്ങിയത്. അവന്റെ ഓട്ടം കണ്ട ഞാൻ പേടിച് പോയി. അത്രക്ക് വേഗത്തിലാണവൻ ഓരോ പടിയും ചാടിയിറങ്ങിയത്. ഞാനും ടെറസ്സിന്റെ അറ്റത്തു ചെന്ന് താഴേക്ക് നോക്കി. നൂലറ്റ്‌ ഒരു പട്ടം താഴെ വീണു കിടക്കുന്നു! ഒരു നിധി കിട്ടിയ സന്തോഷത്തോടെ അവനത് ഓടിച്ചെന്നെടുത്തു. രണ്ടു കൈകളിലും പട്ടം നെഞ്ചോട് ചേർത്ത് പിടിച് അവൻ മുകളിലേക്ക് ഓടിക്കയറി. അത് കണ്ട ഞാനും അവൻ മുകളിലെതുന്നതും നോക്കി നേരത്തെ നിന്നിടത്ത്‌ വന്നു നിന്നു. മുകളിലെത്തിയ അവന്റെ പട്ടം കീറിയിരുന്നു. ധ്രിതിയിൽ ഓടി പടികൾ കയറുമ്പോൾ കീറിപ്പോയതാവണം. മാത്രമല്ല നൂലില്ലാതെ പട്ടം പറത്താൻ കഴിയില്ലെന്ന് പട്ടം കിട്ടിയ സന്തോഷത്തിൽ അവൻ ഓർത്തു കാണില്ല. നിസ്സഹായതയല്ലാതെ അവനെപ്പോലെ ഒരു കുട്ടിക്ക് വേറെ പ്രതീക്ഷിക്കാനില്ല. ഒരു കീറിയ പട്ടം അബദ്ധത്തിൽ വീണു കിട്ടി എന്നല്ലാതെ അവന്റെ അന്നത്തെ ദിവസത്തിൽ സന്തോഷം നല്കുന്ന ഒരു മാറ്റവും ഉണ്ടാകാൻ പോവുന്നുണ്ടായിരുന്നില്ല. അവനങ്ങനെ വല്ല സന്തോഷമുള്ള മാറ്റവും പ്രതീക്ഷിക്കുന്നുണ്ടോ എന്നും എനിക്കറിയില്ല. എന്നാലും അറ്റുപോയ നൂലിന്റെ ചെറിയ ബാക്കിയിൽ മുറുകെപ്പിടിച് അവൻ ആ കീറിയ പട്ടം മുകളിലേക്കുയർത്തി പറത്താൻ ശ്രമിച്ചു. ചെറിയ ശ്രമം അല്ല; അവൻ കഠിനമായി ശ്രമിച്ചു. നൂലിന്റെ അറ്റം പിടിച് അവൻ രണ്ടു മൂന്നടി ഓടി നോക്കി. അവനാ ബിൽഡിങ്ങിൽ നിന്നും താഴെ വീണു പോവുമോ എന്നെനിക്ക് പേടി തോന്നി. ആ പട്ടം ഒരിക്കലും പറക്കില്ല എന്ന് അവന് അറിയാമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷെ അവനതു പറത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അവനതല്ലാതെ വേറെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്റെ മനസ്സിലൂടെ എന്ത് ചിന്തകളാണ് കടന്നു പോയിക്കൊണ്ടിരുന്നത് എന്നറിയില്ല. പേരറിയില്ലെങ്കിലും ഞാനവനെ ഉറക്കെ എന്തോ വിളിച്ചു. തിരിഞ്ഞു നോക്കിയത് പക്ഷെ എന്റെ തൊട്ടു മുന്പിലെ ടെറസ്സിൽ പട്ടം പറതുന്നവരായിരുന്നു. എന്റെ അടുത്തെ വിളി അവന് കേട്ടു. അവനെന്നെ നോക്കി. ഞാനവനെ കൈകൊണ്ട് മാടി വിളിച്ചു. ഒന്നും മനസ്സിലാകാത്തത് കൊണ്ടാവണം അവന് ഭാവമാറ്റം ഒന്നും കണ്ടില്ല. പിന്നെയും ഞാനവനെ മാടി വിളിച്ചു, താഴേക്ക് വരാൻ നിർഭന്ധിചു. മടിച്ചു കൊണ്ടാണെങ്കിലും അവന് ഇറങ്ങി വന്നു. ഞാനും താഴേക്കു ചെന്നു. എന്റെ ബില്ടിങ്ങിന്റെ രണ്ടാമത്തെ നിലയുടെ കോണിപ്പടിയിൽ ഒരു നായ കിടക്കുന്നുണ്ടായിരുന്നു. മുകളിലേക്ക് കയറിവന്ന അവന് നായയെ കണ്ട അതേ വേഗത്തിൽ താഴേക്ക് ഇറങ്ങി. ഞാൻ ചെന്ന് നായയെ ഓടിച്ചു. അവന്റെ വസ്ത്രവും മുടിയും മുഷിഞ്ഞതായിരുന്നു. പക്ഷെ ചെറിയ പല്ലുകൾ കാട്ടിയുള്ള അവന്റെ ചിരി ഭംഗിയുള്ളതും നിഷ്കളങ്കവുമായിരുന്നു. ഞാനവന്റെ പേര് ചോദിച്ചു. അരവിന്ദ്. വിളിച്ചതെന്തിനാണെന്ന്  അവന് ചോദിച്ചില്ല. ഞാനവന് പട്ടം വാങ്ങാനുള്ള കാശ്  കൊടുത്തു. ഒന്നല്ല, ഒരുപാട് പട്ടം വാങ്ങാനുള്ള കാശ് കൊടുത്തു. പണം കൊടുത്തത് എനിക്ക് പട്ടം വാങ്ങിക്കാനാണെന്നാണ് അവൻ കരുതിയത്. അതവനു പട്ടം വാങ്ങിക്കാനുള്ള കാശാണെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖത്തെ അഴുക്കെല്ലാം പെട്ടന്ന് കാറ്റിൽ പറന്നു പോയത് പോലെ തോന്നി. അവന്റെ കണ്ണിൽ മുഴുവൻ എന്നോടുള്ള നന്ദിയായിരിക്കണം; അവന്റെ രണ്ടു കണ്ണുകളും തിളങ്ങി. അവനെന്നോട് ചിരിച്ചു. ഞാനും ചിരിച്ചു. അവൻ കാശും മുറുകെ പിടിച് ഓടിപ്പോയി.

അരവിന്ദ് പട്ടം പറത്താനുള്ള തീവ്ര ശ്രമത്തിലാണ്. കീറിയ നൂലറ്റ പട്ടമല്ല. അവൻ അത് വരെ നോക്കിക്കൊണ്ടിരുന്ന പട്ടങ്ങളെപ്പോലെ ഭംഗിയുള്ള പട്ടം. നിറമുള്ള പട്ടം. അവന്റെ പട്ടത്തിന് ഏതറ്റവും വരെ പറക്കാൻ കഴിയുന്ന നീളമുള്ള നൂലുണ്ടിപ്പോൾ.ആ പട്ടം പൊട്ടിയാലും അവനു വിഷമമാവില്ല. ഏറ്റവും കുറഞ്ഞത് പത്തു പട്ടമെങ്കിലും അവന്റെ കയ്യിലുണ്ട്. പല നിറത്തിലുള്ളവ. പക്ഷെ അവനു പട്ടം പറത്തി പരിചയമില്ലാതതു കൊണ്ട് പറക്കാൻ പട്ടത്തിനൊരു മടി. ഇടയ്ക്കിടെ അവനെന്റെ ടെറസ്സിലേക്ക് നോക്കി ചിരിക്കും. പട്ടം അല്പം പറന്ന് അവന്റെ അടുത്ത് തന്നെ വന്നു വീഴുമ്പോൾ അവനെന്നെ നോക്കി വീണ്ടും ചിരിക്കും. ചിലപ്പോൾ അല്പം നാണം കലർന്ന ചിരി. വീണ്ടും പട്ടം മുകളിലേക്ക് പിടിച് പറത്താൻ ശ്രമിക്കും. അങ്ങനെ പട്ടം പൊങ്ങുമ്പോഴും വീഴുമ്പോഴും അവനെന്നെ നോക്കി ചിരിക്കും. ഞാനവനെയും. ഇടയ്ക്കിടെ താഴെ അടുക്കി വെച്ച പട്ടങ്ങളും അവൻ നോക്കും. പറന്ന് പോവാതിരിക്കാൻ ചെറിയ രണ്ടു കല്ലുകൾ അതിനു മുകളിൽ വെച്ചിട്ടുണ്ട്. ഒരു നിമിഷം കൊണ്ട് കോടീശ്വരനായത് പോലെ അവൻ മതി മറന്നു ചിരിച്ചു. അവന്റെ ജീവിതത്തിൽ ആ ചിരി ഒരിക്കലും മാഞ്ഞു പോവാതിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ആ പട്ടങ്ങൾക്ക് അവന്റെ സ്വാതന്ത്ര്യത്തിന്റെ നിറങ്ങളായിരുന്നു. അവന്റെ ചിരിയും സ്വാതന്ത്ര്യതിന്റെതാണെന്ന് എനിക്ക് തോന്നി. അപ്പോഴും അവനെന്നെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു.